ചെറുത്തുനിൽപ്പുകളുടെയും പോരാട്ടങ്ങളുടെയുമായ ഒരു നിണ്ട ചരിത്രത്തിന്റെ ഭാഗമാണ് എസ് എഫ് ഐ ഇന്നു ക്യാമ്പസുകളിൽ അനുഭവിക്കുന്ന അപ്രമാദിത്തം. പക്ഷേ പ്രശ്നം അത് അധികാര പ്രമത്തതയായി മാറുമ്പോൾ എസ് എഫ് ഐ എന്ന സംഘടനയുടെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ അസ്തിത്വം അവിടെ കൈമോശം വരുന്നു എന്നതാണ്.
ഒരു മതരാഷ്ട്രത്തിലേക്കുള്ള നമ്മുടെ ജനാധിപത്യത്തിന്റെ പരിണാമത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്. ഇനി അതിനെ ജനം സ്വയം പ്രതിരോധിച്ചുകൊള്ളും എന്ന പ്രതീക്ഷയിൽ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. മഹാഗഡ്ബന്ധൻ ഇലക്ഷനിൽ തോൽക്കുക മാത്രമല്ല, ഇനിയൊരങ്കത്തിനേ സാധ്യതയില്ലാത്തവണ്ണം തകരുകയാണു തിരഞ്ഞെടുപ്പനന്തര ഇന്ത്യയിൽ.
പതിറ്റാണ്ടുകൾ, ഒരു പക്ഷേ നൂറ്റാണ്ടു നീണ്ട പ്രവർത്തനത്തിലൂടെ സംഘപരിവാർ ഒരുക്കിയെടുത്ത നിലത്താണ് അമിത് ഷാ തന്റെ സോഷ്യൽ എഞ്ചിനീയറിങ്ങ് എന്ന സാമൂഹ്യ ധ്രുവീകരണത്തിന്റെ വിത്തിറക്കി നൂറുമേനി കൊയ്തത്. വിഭജിച്ചു ഭരിക്കുക എന്ന ആ ആശയം പോലും മൗലീകമല്ല, അതു ബ്രിട്ടിഷുകാരിൽ നിന്നും കടമെടുത്തതാണ്. പക്ഷേ ഇന്നിപ്പോൾ അതിനവർക്ക് മാപ്പെഴുതിക്കൊടുത്ത് തടിതപ്പേണ്ട കാര്യമൊന്നുമില്ലെന്നു മാത്രം.
വർഗ്ഗരാഷ്ട്രീയമാണു വിമോചനത്തിന്റെ ഏക തടസ്സം, അതു തകർന്നാലേ പാർശ്വവൽകൃതരുടെ വിമോചനം സാധ്യമാവുകയുള്ളു എന്നു കരുതുന്നവരും, അതുപോലെ എല്ലാവരും വർഗ്ഗം എന്ന ഒരു സംജ്ഞയുടെ കീഴിൽ അണിനിരന്നാലേ വിപ്ളവം സാധ്യമാകൂ എന്നു കരുതുന്നവരും പാലംപണി സമൂഹത്തിൽ ഉണ്ടാക്കിയ വിപ്ളവത്തെക്കുറിച്ച് ഒന്നു പഠിക്കുന്നതു നന്നാവും എന്നു തോന്നുന്നു. ചരിത്രത്തിൽ ആദർശ തീരങ്ങൾക്കിടയിലല്ല ഈ പാലംപണി മിക്കവാറും നടന്നിട്ടുള്ളത് എന്നതും.
ഇന്ത്യൻ ജനാധിപത്യത്തിൽ അധികാരത്തെ സംബന്ധിച്ചിടത്തോളം ഇന്ന് തിരഞ്ഞെടുപ്പ് ഒരു “പ്രശ്നം“ മാത്രമാണ്. അതു പരിഹരിക്കാനുള്ള ‘പ്രശ്നാധിഷ്ഠിതമായ“ ഒരു വഴിയാണു സോഷ്യൽ എഞ്ചിനിയറിങ്ങ്. സംഗതി അത് ഷാജിയും കൂട്ടരും വഴി പ്രശസ്തമായ ഒരു പദമാണെങ്കിലും അതിന്റെ രാഷ്ട്രീയ ആദർശം ഉത്തരകാല സ്വത്വ രാഷ്ട്രീയത്തിന്റെ ധൈഷണിക യുക്തികളിലുൾപ്പെടെ കാണാനാവും എന്നു ചുരുക്കം.
സംഘടിത രാഷ്ട്രീയപ്രവർത്തനത്തിനു പ്രവർത്തിതലത്തിലും ചിന്താതലത്തിലും ബദലായി അവതരിച്ച നവസാമൂഹ്യപ്രസ്ഥാനങ്ങളും അവയുടെ സൂക്ഷ്മാഖ്യാനങ്ങളും ചേർന്ന് ഇനിയുള്ള കാലം സംഘടിത രാഷ്ട്രീയ പ്രവർത്തനത്തിനു പ്രസക്തിയില്ല എന്ന പൊതുബോധം ബലപ്പെടുത്തി. പക്ഷേ അതുവഴി തളർന്നത് തൊഴിലാളി പ്രസ്ഥാനങ്ങളും അവയെ കേന്ദ്രീകരിക്കുന്ന ഇടതുപ്രസ്ഥാനങ്ങളും മാത്രമാണ്.
ബൃഹദാഖ്യാനങ്ങൾക്കെതിരെ ഉയർന്നുവന്ന സൂക്ഷ്മാഖ്യാനങ്ങളൊന്നും മതം, വിശ്വാസം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെ സ്പർശിച്ചില്ല, ചുരുങ്ങിയത് ഇന്ത്യയിലെങ്കിലും. മറിച്ച് അവർ അതിനെ ഒരു യൂറോപ്യൻ എമ്പെരിക്കൽ എപിസ്റ്റമോളജി എന്ന ബൃഹദാഖ്യാനത്തിനെതിരെ അസ്തിത്വയുദ്ധം നയിക്കുന്ന പൗരസ്ത്യ സൂക്ഷ്മ സ്വത്വമായി അവതരിപ്പിച്ചു. തുടർന്ന് ക്രമാനുഗതമായി നടന്നതെന്തൊക്കെയാണ്?
വൈജ്ഞാനികമായി ശാസ്ത്രപക്ഷത്ത് നിൽക്കുന്നതുപോലും വിശ്വാസത്തിനെതിരായ ഒരു കടന്നുകയറ്റമായി വ്യാഖ്യാനിക്കാൻ മടിയില്ലാത്ത രാഷ്ടീയ സാംസ്കാരിക പ്രതിനിധാനങ്ങളും അവയ്ക്കു പിന്നിൽ മനുഷ്യരും ഉള്ളപ്പോൾ ഒരു കാര്യം വ്യക്തമാണ്. ആധുനികശാസ്ത്രവും എമ്പെരിക്കൽ യുക്തിചിന്തയും സമൂഹത്തിന്റെ സാംസ്കാരിക നേതൃരൂപമാക്കി വികസിപ്പിക്കുന്നതിൽ നമ്മുടെ സാംസ്കാരിക, രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നു.
സംഘ് ഹിന്ദുക്കൾക്കുള്ളിലേക്കുള്ള തങ്ങളുടെ നുഴഞ്ഞുകയറ്റത്തിനും പാനിസ്ലാമിസ്റ്റുകൾ മുസ്ളിങ്ങൾക്കിടയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനും ഒരു വലിയ ഭീഷണിയായി കാണുന്നതു മതേതരത്വമെന്ന ആശയത്തെയും അതിന്റെ ജനകീയ പാരമ്പര്യത്തെയും തന്നെയാണ്. അതിൽ വിള്ളൽ വീഴ്ത്താനായാൽ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറും. അതിൽ മതേതര ലീഗോ, കമ്യൂണിസ്റ്റ് പാർട്ടികളോ, നെഹ്റുവിയൻ പാരമ്പര്യം തുടരുന്ന കോൺഗ്രസോ ഒന്നും ഉണ്ടാവുകയേ ഇല്ല.
വിജ്ഞാനത്തിന്റെയും ധൈഷണികതയുടെയും ശാസ്ത്രീയ അവബോധത്തിന്റെയുമൊക്കെ ആധികാരികത അംഗീകരിക്കപ്പെട്ടിരുന്ന കാലമായിരുന്നു ആധുനികത. ആ ആധികാരികത ഉപയോഗിച്ചാണ് ഇനിയും ആധുനികമാവാത്ത നമ്മുടെ സമൂഹത്തിൽ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളുടെ ഭാഗികമായ സാമൂഹ്യാംഗീകരമെങ്കിലും അത് ഉറപ്പുവരുത്തിയത്; മാനവികതയും അതിന്റെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ മുദ്രാവാക്യങ്ങളെയും ജനമനസുകളിൽ എത്തിച്ചത്.
2014ൽ മോഡി അധികാരത്തിൽ വരുന്നതിനെതുടർന്ന് നടന്ന ‘പശുക്കൊല‘കളെക്കുറിച്ച് ഇന്നു പറയുമ്പോൾ പശുവിനെ കൊല്ലുന്നതല്ല, പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നതാണുദ്ദേശിക്കുന്നതെന്നു വിശദീകരിക്കേണ്ടിവരും. എന്നാലും പഴയതുപോലെ ഒരു പ്രതികരണവും ഉണ്ടാവില്ല. കാരണം ആ സംഭവം ഒരു പതിവും അതിനെതിരേയുള്ള പ്രതിഷേധങ്ങൾ ക്ളീഷെയും ആയിരിക്കുന്നു.
2019ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബി ജെ പി, സംഘപരിവാർ ശക്തികൾ നേടിയത് കേവലം ഒരു തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല. അതിന്റെ പ്രത്യാഘാതങ്ങൾ രാഷ്ട്രീയം എന്ന ഒറ്റ മേഖലയിൽ മാത്രമായി ഒതുങ്ങി നിൽക്കാനും പോകുന്നില്ല. അതുകൊണ്ടാണു പ്രസ്തുത വിജയം സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തെ തന്നെ രണ്ടായി വിഭജിക്കാൻ പോന്ന ഒന്നാണെന്നു പറയുന്നത്.
ഹിന്ദുമതവും വിശ്വാസവും സ്വത്വവുമായി ബന്ധപ്പെട്ട വികേന്ദ്രീകൃത യുക്തികളെ, ദർശനങ്ങളെയൊക്കെയും ദേശീയത എന്ന നുകത്തിൽ കൊണ്ടുപോയി കെട്ടാൻ സംഘപരിവാർ ഉപയോഗിക്കുന്ന ഒരു തന്ത്രവുമുണ്ട്. വികേന്ദ്രീകരണത്തെ വികേന്ദ്രീകൃതമായ ഒരു ഘടന സ്വീകരിച്ചുകൊണ്ട് തൃപ്തിപ്പെടുത്തുക. ഇതിലെ പൊരുത്തമില്ലായ്മകൾ തങ്ങളുടെ ജനാധിപത്യ ഘടനയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക്, നിലപാടുകൾക്ക് സ്ഥാനമുള്ളതുകൊണ്ടാണെന്നു പറഞ്ഞു നിൽക്കുക.
വിശ്വാസത്തിനുള്ളിൽ തന്നെയും പ്രബലമായിരുന്ന ആന്തരിക വൈരുദ്ധ്യങ്ങളെയൊക്കെയും വ്യാജസങ്കീർണ്ണവൽക്കരണങ്ങളുടെ പുകമറയ്ക്കുള്ളിലാക്കി ഇല്ലൊന്നിനുമൊരു നിശ്ചയം എന്ന അവസ്ഥയാക്കി. അതിനുള്ളിൽ നിന്നുകൊണ്ട് സുരക്ഷിതമായി നുണപ്രചരണങ്ങൾ നടത്തി. വസ്തുതകളെ വളച്ചൊടിച്ചു. ചരിത്രത്തെയും ചരിത്രവ്യക്തിത്വങ്ങളെയും അപ്രോപ്രിയെറ്റ് ചെയ്തു. അങ്ങനെ സംഘപരിവാർ തങ്ങളുടേതായ ഒരു ഹിന്ദുസ്വത്വത്തെ നിർമ്മിച്ചു.
ഹിന്ദുക്കൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ആ ജനവിഭാഗത്തിന്റെ വിശ്വാസത്തെ, സ്വത്വബോധത്തെ, ദേശീയ വികാരത്തെയൊക്കെയും നിർവചിക്കുന്ന ഒറ്റ സ്ഥാപനമായി സംഘപരിവാർ മാറിക്കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും അതു സമ്മതിക്കാതെ കാര്യമില്ല. വസ്തുതകളെ വസ്തുതകളായി സമ്മതിക്കുകയും അതിന്റെ കാരണങ്ങൾ അന്വേഷിക്കുകയും ചെയ്താൽ മാത്രമേ പരിഹാരം എന്ന സാദ്ധ്യതയെങ്കിലും ഉയരുന്നുള്ളു.