മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും: ചര്‍ച്ചയ്ക്കു് ഒരാമുഖം

എസ്എംസി 12-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും എന്ന സെമിനാർ പ്രസ് അക്കാദമി ചെയർമാൻ എൻ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

10 Oct, 2013 | Thrissur

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ദ്വിദിനസമ്മേളനത്തിന്റെ (2013 ഒക്റ്റോബര്‍ 14-15, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍) ഭാഗമായി നടന്ന മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും എന്ന വിഷയത്തിലെ ചര്‍ച്ചയ്ക്കു് ആമുഖമായി സെഷന്റെ മോഡറേറ്ററായിരുന്ന ലേഖകൻ തയ്യാറാക്കിയ കൺസെപ്റ്റ് നോട്ട് ആണ് ചുവടെ. എന്‍,പി. രാജേന്ദ്രന്‍ (കേരള പ്രസ് അക്കാദമി), റൂബിന്‍ ഡിക്രൂസ് (നാഷണല്‍ ബുക്ക് ട്രസ്റ്റ്), ഡോ. മഹേഷ് മംഗലാട്ട് (പോണ്ടിച്ചേരി സർവ്വകലാശാല), മനോജ് കെ പുതിയവിള (ഇൻഫർമേഷൻ ആൻഡ് പബ്ലിൿ റിലേഷൻസ് വകുപ്പ്) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

ആധുനികസാങ്കേതികവിദ്യ പ്രദാനം ചെയ്ത ഉപകരണമെന്ന നിലയില്‍ കമ്പ്യൂട്ടറിനു് പ്രധാനമായും രണ്ടുതരം ഉപയോഗങ്ങളാണുള്ളതു്: സ്വകാര്യ ഉപയോഗവും വാണിജ്യ ഉപയോഗവും. ഇവരില്‍ വാണിജ്യോപഭോക്താക്കളാണു് പലപ്പോഴും പ്രാദേശികഭാഷകളിലെ ഭാഷാമാനകങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുന്നതു്. സര്‍ക്കാരുകള്‍ക്കും മീതെയുള്ള ഒരു സ്ഥാനമാണു്, ഇക്കാര്യത്തില്‍ ഇവര്‍ക്കുള്ളതു്. എന്നാല്‍ ഭാഷയെ ഏറ്റവുമധികം ഉപയോഗിക്കുന്നതു് നിത്യത്തൊഴിലഭ്യാസങ്ങള്‍ക്കാണെന്നിരിക്കെ, ഭാഷയുപയോഗിക്കുന്ന ജനസമൂഹത്തെക്കൂടി ഇത്തരം കാര്യങ്ങളില്‍ ഇടപെടുവിക്കാനും അവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കാനും കഴിയുന്ന സവിശേഷസ്ഥാനം വഹിക്കുന്ന വാണിജ്യഉപഭോക്താക്കള്‍ ഉത്തരവാദിത്തത്തോടെ ഇക്കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന അന്വേഷണമാണു് നടക്കേണ്ടതു്.

ദിനപ്പത്രങ്ങളും ഇതര ആനുകാലികങ്ങളുമടങ്ങുന്ന അച്ചടിമാദ്ധ്യമങ്ങള്‍, ഭാഷയിലുണ്ടാവുന്ന സാഹിത്യവും പഠനങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണശാലകള്‍, പോസ്റ്ററുകളും നോട്ടീസുകളും ഫ്ലക്സ് ബോര്‍ഡുകളും മറ്റും വലിയതോതില്‍ പ്രിന്റ് ചെയ്യുന്ന ഡിജിറ്റല്‍ പ്രസുകള്‍, നാടിന്റെ മുക്കിലും മൂലയിലുമുള്ള ഡിടിപി സെന്ററുകള്‍, എന്നിവയാണു് പ്രാദേശികഭാഷകളിലെ കമ്പ്യൂട്ടിങ്ങിന്റെ പ്രധാന വാണിജ്യ ഉപയോക്താക്കള്‍. കേരളത്തിന്റെ / മലയാളത്തിന്റെ കാര്യമെടുത്താല്‍ ഈ വാണിജ്യ ഉപയോക്താക്കള്‍ ഇത്രകാലവും ഏറെക്കുറെ ലഭ്യമായ സാങ്കേതികവിദ്യയെ സ്വാംശീകരിക്കുക മാത്രമാണു് ചെയ്തുപോന്നതു്.

മലയാളത്തിന്റെ രൂപമാത്രപ്രതിനിധാനം അച്ചടിയില്‍ സാധ്യമായ നാള്‍ മുതല്‍ മലയാളപത്രങ്ങള്‍ ഡിടിപി ഉപയോഗിക്കുന്നുണ്ടു്. എന്നാല്‍ അവ ആസ്കി ഫോണ്ടുകളുടെ മുകളില്‍ മലയാളലിപിയുടെ ചിത്രണം സാധ്യമാക്കുകയായിരുന്നതിനാല്‍ (ആസ്കി കോഡ് പോയിന്റുകളോടു ചേർത്തുവച്ചിരുന്ന ലാറ്റിൻ ഗ്ലിഫുകളുടെ സ്ഥാനത്ത് അതേ കോഡ് പോയിന്റ് നിലനിർത്തി പകരം ലാറ്റിനേതര ഭാഷകളിലെ അക്ഷരരൂപങ്ങളെ പ്രദർശിപ്പിക്കുന്ന സംവിധാനം) സേര്‍ച്ചിങ്, സോര്‍ട്ടിങ് എന്നിവയടക്കമുള്ള കമ്പ്യൂട്ടിങ്ങിന്റെ മെച്ചപ്പെട്ട ഉപയോഗത്തിലേക്കു് വളര്‍ന്നിരുന്നില്ല. അക്കാലത്തു് വിവിധ മാദ്ധ്യമങ്ങള്‍ തങ്ങള്‍ക്കായി സിഗ്നേച്ചര്‍ ഫോണ്ടുകള്‍ ഡിടിപിയില്‍ ഉപയോഗിക്കാന്‍ പാകത്തിനു് വികസിപ്പിക്കുന്നുണ്ടു്. അതിനപ്പുറം ഇവരുത്പാദിപ്പിക്കുന്ന സാംസ്കാരിക ഉത്പന്നത്തിന്റെ ഉപഭോക്താക്കളായ വായനക്കാരുടെ സമൂഹത്തിനു് കൂടി ഉപയുക്തമായി രീതിയില്‍ ഇതിനാവശ്യമായ ടൂളുകളോ ഫോണ്ടുകളോ കൂട്ടായി വികസിപ്പിക്കാനും അവ തുറന്നുകൊടുക്കാനും പൊതുവേ ആരും മുതിര്‍ന്നിരുന്നുമില്ല.